Monday, July 10, 2017

Dzükou Valley

Courtesy:
https://www.facebook.com/groups/TeamSanchari/permalink/1512345415489924/




മണിപ്പൂർ നാഗാലാന്റ് അതിർത്തിയിൽ ജഫൂ പീക്കിനും അപ്പുറത്ത് സമുദ്രനിരപ്പിൽ നിന്നും 2500 മീറ്ററോളം ഉയരത്തിൽ ഒളിച്ചിരിക്കുന്ന വിസ്മയഭൂമികയാണ് സൂക്കൂ വാലി .
ഒരുവർഷം മുൻപ് മണിപ്പൂർ സ്വദേശിയായ ഫെയ്‌സ് ബുക്ക് ചങ്ങാതി Shitaljit Bloom തന്റെ കൂട്ടുകാരോടൊപ്പം നടത്തിയ സൂക്കൂ വാലി യാത്രയുടെ ചില ചിത്രങ്ങൾ കണ്ടതോടെയാണ് അവിടേക്കുള്ള യാത്ര അലോസരപ്പെടുത്തുന്ന സ്വപ്നമായത് .
എവിടേക്ക് യാത്രപോകുന്നു എന്നതുപോലെ തന്നെ പ്രധാനപെട്ടതാണ് ആരോടോപ്പം പോകുന്നു എന്നത് , ഇവിടെ എന്റെ സഹയാത്രികൻ അനിയത്തിയുടെ മകൻ 13 വയസ്സുകാരനായ കാർത്തിക് ആയിരുന്നു .
ചിത്രം വരക്കുന്നവൻ , കരാട്ടെ ബ്ളാക് ബെൽറ്റ് , ചുമടെടുക്കും ! പോരാത്തതിന് നല്ല ചങ്ങാതി 
കുട്ടികളുടെ മനസ്സ് ഒഴിഞ്ഞ ക്യാൻവാസാണ് അവിടെ നല്ല നിറങ്ങൾ ചാലിക്കാൻ ശ്രമിക്കണം ..
ചെറിയവരോടുള്ള കമ്പനി മനസ്സിനെ കൂടുതൽ ചെറുപ്പമാക്കും ~ നമ്മൾ ഇതേവരെ കണ്ടുകൊണ്ടിരുന്ന ബോറൻ വീക്ഷണകോണിൽനിന്ന്മാറി ജീവിതത്തെ വിസ്മയതുമ്പത്ത് നിന്നും കാണാൻ ഒരവസരം .
അബുദാബി ~ ഡൽഹി ~ ഗുവാഹാത്തി വിമാനമാർഗ്ഗവും അവിടുന്ന് ഡിമാപൂർ വരെ ട്രെയിനിലും പിന്നെ നാഗാലാന്റിന്റെ തലസ്ഥാനമായ കോഹിമായിലേക്ക് ഷെയറിങ്ങ് ടാക്സിയിലുമാണ് വന്നത് .
ഡീമാപൂർ മുതൽ കോഹിമ വരെ മണ്ണിടിച്ചിൽ മൂലം റോഡ് ഇല്ല എന്ന അവസ്ഥയാണ് .
കോഹിമ കൗതുകങ്ങൾ ഒളിച്ചിരിക്കുന്ന നഗരമാണ് ..
പ്രസരിപ്പുള്ള സുന്ദര മുഖങ്ങൾ !!!
നാഗാലാന്റിലെ ഔദ്യോഗിക ഭാഷ ഇംഗ്ളീഷാണ് !!!
കോഹിമയെ കുറിച്ച് പിന്നീട് വിശദമായി എഴുതാം .
നമുക്ക് ഇപ്പോൾ എത്തിപ്പെടേണ്ടത് സൂക്കൂ വാലിയിലേക്കാണ്.. ഒരുമാതിരിപ്പെട്ട നോർത്ത് ഈസ്റ്റ് യാത്രികരോന്നും സൂക്കൂ വാലിയിൽ പോകില്ല ..
കൊഹിമയിൽ നിന്നും 20 കിലോമീറ്ററിനപ്പുറത്തുള്ള സക്കാമ / വിശ്വേമ എന്നീ ഗ്രാമങ്ങളിലൂടെയാണ് സൂക്കൂ വാലിയിലേക്കുള്ള ഹൈക്കിങ് ട്രെയിൽ ..
അവിടെയൊക്കെ മൊബൈൽ എന്നത് അലങ്കാര വസ്തുമാത്രം .
യാത്ര കൃത്യമായി പ്ലാൻ ചെയ്യണം .
ഹൈക്കിങ് ഒരു പകൽ മുഴുവനും എടുക്കും ... ഏകദേശം രണ്ട് പകലുകളോളം ഹൈക്കിങ് മാത്രമുണ്ട് .
കാട്ടിൽ ഹൈക്കിങ് ട്രെയിൽ തുടങ്ങുന്ന ഇടത്ത് ടാക്സി ഇറക്കിവിട്ടാൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് കൃത്യമായി ഒരു സമയത്ത് തിരിച്ചെടുക്കാൻ ടാക്സി മുൻപേ പറഞ്ഞ് ഏല്പിക്കേണ്ടി വരും.
മഞ്ഞും കാടും വൻ മലകളും അവിടെ പെട്ടന്ന് സൂര്യനെ മറയ്ക്കും . വൈകീട്ട് 6 മണി ആകുമ്പോളേക്കും ഇരുട്ട് പരക്കും.
തിരിച്ചുപോരാൻ വാഹനം ഏർപ്പാട് ചെയ്തിലായിരുന്നെങ്കിലോ ഡ്രൈവറും നമ്മളും തമ്മിലുള്ള ആശയവിനിമയം കൃത്യമായി നടന്നില്ല എങ്കിലോ പെട്ടുപോകും എന്ന് ഉറപ്പാണ്.
( ജാങ്കോ ഞങ്ങള് പെട്ടു ~ അനുഭവം ഗുരു )
"Life begins at the end of your comfort zone" എന്ന് എവിടെയോ വായിച്ചിട്ടുണ്ട് .
ഇത്തരം യാത്രകളിൽ മുന്നൊരുക്കങ്ങൾ കൃത്യമായിരിക്കണം ... യാത്രാ പദ്ധതിയിൽ നമ്മുടേതല്ലാത്ത പല ഘടകങ്ങളും വിപരീതമായി ഇടപെട്ടേക്കാം .
യാത്രക്ക് മുൻപേ ഫ്ലൂ , മലേറിയാ വാക്സിനുകളെല്ലാം എടുത്തിരുന്നു .
ബാക്ക് പാക്കിൽ ഒതുക്കിവയ്ക്കാവുന്ന ഭാരം കുറഞ്ഞ 4 സീസൺ ടെന്റ് , സ്ലീപ്പിങ് ബാഗ് , ഹൈക്കിങ് സ്റ്റിക്കുകൾ , പ്രഥമ ശുശ്രൂഷാ മരുന്നുകൾ , ഹെഡ് ലാമ്പ് , ടോർച്ച് , എനർജി ബിസ്കറ്റുകൾ ചോക്ലേറ്റ് ( കടലാസുകൾ കാട്ടിൽ ഉപേക്ഷിക്കരുത് ) എന്നിവ ഒട്ടൊരുവിധം അനിവാര്യമാണ് . അതിനേക്കാൾ പ്രധാനമാണ് മനസ്സിനെ ഒരുക്കിയെടുക്കുക എന്നത് ..
ജക്കാമ റൂട്ട് എന്ന ഹൈക്കിങ് ട്രെയിൽ ആണ് ഞങ്ങൾ തിരഞ്ഞെടുത്തത് .. കീഴ്ക്കാംതൂക്കായ കയറ്റമാണ് അത് , കൃത്യമായി ട്രയൽ തുടങ്ങുന്ന വഴിയിൽ എത്തിപ്പെട്ടാൽ പിന്നെ തെറ്റില്ല ..
നിർഭാഗ്യവശാൽ ? ഞങ്ങളുടെ ഡ്രൈവർ വഴിയൊന്നും നന്നായി പരിചയമില്ലാത്ത ഒരു ആസാം സ്വദേശിയായിരുന്നു .. തെറ്റായ ഒരു കാട്ട് വഴിയുടെ മുന്പിലാണ് ഞങ്ങളെ ഇറക്കിവിട്ടത് ... മൂന്ന് ദിവസം കഴിഞ്ഞാൽ തിരിച്ചുവരുന്നതും അവിടെ തന്നെ .. ( നമ്മൾ ആഗ്രഹിക്കാതെതന്നെ സാഹസികത യാത്രകളെ കെട്ടിപുണരുന്നത് ഇങ്ങനെയൊക്കെയാണ് !! )
രാവിലെ 8 ന് തുടങ്ങിയുള്ള കയറ്റം വഴി തെറ്റി വഴി തെറ്റി . ഉച്ചക്ക് 12 നാണ് ശരിയായി ഹൈക്കിങ് ട്രെയിൽ തുടങ്ങുന്ന ഇടത്തെത്തിയത് ..
ഇനി അങ്ങോട്ട് കൊടും കാട്ടിലൂടെയുള്ള കയറ്റമാണ് .. കാടായതിനാൽ ദൂരകാഴ്ചയൊന്നുമില്ല തൊട്ടുമുന്നിൽ ആകാശത്തേക്കെന്നോളം ഉയർന്നു പോകുന്ന വഴി !!
സൂക്കു ഹൈക്കിങ്ങ് റൂട്ട് ഏഷ്യയിലെ തന്നെ ഏറ്റവും പ്രധാന്യമേറിയതാണ് .
അതുകൊണ്ട് തന്നെ വഴിയിൽ മറ്റുപല ഹൈക്കിങ്ങ് ഗ്രൂപ്പുകളെയും കാണാനാകും ..
കൂടുതലും നോർത്ത് ഈസ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പാശ്ചാത്യരുമാണ് .
കൂടെയുള്ളത് കുഞ്ഞു പയ്യനായതിനാലും അമിത ആത്‍മവിശ്വാസം ഇല്ലാത്തതിനാലും പതിയെ പതിയെ തെന്നെയാണ് കയറിയത് ..
വൈകീട്ട് 6 മണിക്ക് കാട്ടിൽ ഇരുട്ടു പരന്നപ്പോൾ പാതി വഴിപോലും എത്തിയിരുന്നില്ല ...
ഹെഡ് ലൈറ്റുകളും ഫിറ്റ് ചെയ്തുകൊണ്ട് വീണ്ടും കയറ്റം തന്നെ ..
കിതപ്പ് , ക്ഷീണം ..
ഇന്ത്യയിലെ തന്നെ ഏറ്റവും സാന്ദ്രവനങ്ങളാണ് നോർത്ത് ഈസ്റ്റിലേത് .. ..
ആശങ്കൾ മാറ്റിവച്ച് സ്വാഭാവികമായി കാർത്തിക്കിനോട് ഇടപെടുക എന്നത് വളരെ പ്രധാനപെട്ടതാണ് .
ഞങ്ങളുടെ പടവുകളിൽ ഒരുമീറ്ററോളമൊക്കെ നീളമുള്ള തടിയൻ മണ്ണിരകൾ ! അവയുടെ നീലിമായകലർന്ന ഫ്ലൂറസൻസ് !!
കാടിന്റെ കൂട്ടുകാരുടെ വിചിത്ര ശബ്ദങ്ങൾ !!!
ഇലകളിലും പുൽതുമ്പുകളിലും പറ്റിയിരിക്കുന്ന ഷട്പദങ്ങളും ലാർവകളും ഹെഡ് ലാമ്പിന്റെ വെളിച്ചത്തിൽ തിളങ്ങുന്നു ..
ഇരുട്ടിൽ വാഴയില ആടുന്നത് കണ്ട് പേടിക്കുന്ന ആളാണോ നിങ്ങൾ ??
എങ്കിൽ ഈ യാത്ര നിങ്ങൾക്കുള്ളതാണ്
( ഒരു ചേഞ്ച്‌ ആർക്കാണ് ഇഷ്ടമില്ലാത്തത് )
ഏകദേശം രാത്രി 9.30 ആയപ്പോൾ സ്വർഗത്തിലേക്കുള്ള വഴി അവസാനിച്ചു .
കാടിന്റെ ആർദ്രമായ ഉഷ്ണത്തിൽ നിന്ന് പെട്ടന്ന് പുറത്തെറിയപ്പെട്ടപോലെ ... !!!
സൂക്കുവാലിയുടെ ക്ലിഫ് !!!
തണുത്ത മഞ്ഞുകാറ്റ് ശക്തിയോടെ മുഖത്തടിച്ചു .. !
ആകാശം നിറയെ നക്ഷത്രങ്ങൾ .. !
സുക്കൂ വാലിയിൽ പരക്കെ കാണുന്ന മുള്ളുകളില്ലാത്ത ചെറു മുളം ചെടികൾ .. !
ഇനിയും വിശ്രമിക്കാനായിട്ടില്ല വാലിയിൽ എവിടെയോ നാഗാലാൻറ് സർക്കാർ ഹൈക്കേഴ്സിന് ഒരുക്കിയിരിക്കുന്ന 'റെസ്റ്റ് ഹൗസ്' ഉണ്ട് അത് കണ്ടുപിടിക്കണം .. വിറക് , ചൂടുവെള്ളം , അത്യാവശ്യത്തിന് ഭക്ഷണം എന്നിവയൊക്കെ അവിടെ കിട്ടും ..
അതിനേക്കാൾ പ്രധാനമാണ് പകൽ ഞങ്ങളെ വേഗതയോടെ കടന്നുപോയ മറ്റു പല ഹൈക്കേഴ്സിനെയും കാണുക എന്നത് ..
കുറച്ച് നടന്നു കട്ടിമഞ്ഞൊന്ന് മാറിയപ്പോൾ ദൂരെ ഒരു കുഞ്ഞു ഫ്‌ളാഷ് ലൈറ് വെളിച്ചം ..
ക്ലിഫിൽ നിന്നും വീണ്ടും നാല്പത്തഞ്ച് മിനിറ്റോളം നടക്കണം റെസ്റ്റ് ഹൗസിൽ എത്താൻ ..
രാത്രി പത്തരക്ക് കാടും മലയും കയറിവന്ന് വാലിയിൽ എത്തിയ ഞങ്ങളെ കണ്ടപ്പോൾ അവിടെ എല്ലാവർക്കും അതിശയം !!
അവിടുന്ന് ചൂടുവെള്ളം വാങ്ങി കയ്യിൽ കരുതിയിരുന്ന ഇൻസ്റ്റന്റ് കാപ്പിയുടെ സാഷേ പൊട്ടിച്ചിട്ടു കുടിച്ചു .. !
സമാധാനം ... ഉണർവ് .. അതിനൊക്കെ അപ്പുറത്ത് പുലരുമ്പോൾ കാണാനിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ താഴ്വരയുടെ ദൃശ്യത്തെ ഓർത്തുള്ള അക്ഷമ !!
ടെന്റ് പിച്ച് ചെയ്‌തു കഴിഞ്ഞപ്പോളേക്കും മഴ നൂലിട്ട് തുടങ്ങിയിരുന്നു ...
അദ്ധ്വാനം നിറഞ്ഞ പകലിന്റെ ക്ഷീണം ..
ടെന്റിൽ മഴ താളം പിടിക്കുന്നത് കേട്ട് സുഖമായുറങ്ങി !!!
സഹ സഞ്ചാരികളുടെ ആർത്തുകൂവലുകൾ കേട്ടാണ് ഉണർന്നത് ..
ടെന്റിന് പുറത്തേക്കിറങ്ങിയപ്പോൾ ഹെന്റെ സാറേ ... !!!
ഇതുവരെ ജീവിച്ചത് ഇത്ര മനോഹര പ്രകൃതി ദൃശ്യം കാണാൻ വേണ്ടി മാത്രമായിരുന്നോ എന്ന് തോന്നി പോയി !!!
പയ്യൻസ് അപ്പോഴും എണീറ്റിരുന്നില്ല അവനെ എഴുനേല്പിച്ച് കണ്ണുമൂടി ടെന്റിന് വെളിയിൽ കൊണ്ടുവന്നു ....
വാലിയിലേക്ക് കണ്ണുതുറപ്പിച്ചു കുഞ്ഞു നിശബ്ദത - താങ്ക്സ് എന്നു പറഞ്ഞ് വയറ്റിലേക്ക് ഒറ്റ ഇടി !
ന്യൂജൻ ഇങ്ങനെയാണ് കുറച്ചുവാക്കുകളിൽ വികാരങ്ങൾ പ്രകടിപ്പിക്കും .. !
സൂക്കൂ താഴ്‌വരയെ വർണ്ണിക്കാൻ എന്റെ ഭാഷക്ക് പരിമിതിയുണ്ട് അത്ര മനോഹരമാണ് അത് ..
കണ്ണെത്താ ദൂരത്തോളം
പച്ചപ്പിന്റെ പഞ്ഞിപ്പുതപ്പ് മൂടിയിരുന്നു ...
പല പല പൂക്കൾ ... !!
മേഘങ്ങൾ കുഞ്ഞു കുഞ്ഞുണ്ടകളായി നിലം തൊട്ട് പാറി നടക്കുന്നു !!!
താഴ്വരയ്ക്ക് നടുവിലൂടെ തണുത്ത് തെളിഞ്ഞ ഒരു അരുവി വളഞ്ഞു പുളഞ്ഞ് ഒഴുകുന്നു .. !!!
ജൂലൈ അവസാനമാകുന്നതോടെ വാലിയിൽ ലില്ലി പൂക്കും പിന്നെ ചുവപ്പു പൂക്കളുടെ വർണ്ണമേളമായിരിക്കുമവിടെ ...
ഞങ്ങൾ എത്തിയപ്പോൾ ലില്ലികൾ മൊട്ടിടുന്നതേ ഉണ്ടായിരുന്നുള്ളു ..
എങ്കിലും പലവർണ്ണങ്ങളിലുള്ള മറ്റൊരുപാട് പൂക്കൾ .. !!
ശലഭങ്ങൾ ....!!!
തുമ്പികൾ !!!
നവംബർ ഡിസംബർ മാസങ്ങളാകുമ്പോൾ വാലിയിലെ അരുവി തണുപ്പിൽ പൂർണ്ണമായും ഉറഞ്ഞുപോകും ...
അപ്പോളാണ് പോകുന്നത് എങ്കിൽ ഐസ് അരുവിക്ക് മുകളിലൂടെ 'യേശുവിനെ'പോലെ നടക്കാം ..
ഞാൻ ഇനിയും അവിടെ പോകും മകൾ ഇള ഇച്ചിരികൂടെ വലുതാകാനുണ്ട് ...
അവളെയും കൊണ്ട് പോണം !!
ഇതു വായിക്കുന്ന ആരെങ്കിലും സൂക്കൂ വാലിയിലേക്ക് പോകാനൊരുങ്ങുന്നു എങ്കിൽ നിങ്ങൾ നിങ്ങളുടെ പെൺ കുഞ്ഞുങ്ങളെയും കൂടെ കൂട്ടുക ..!!
സ്വാതന്ത്രത്തിന്റെ ആകാശം എത്രമാത്രം വലുതാണ് എന്ന് നാം അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട് .. !!!
ഈ ഭൂമിക പെൺകുട്ടികള്ക്ക് കൂടിയുള്ളതാണ് ...
നാഗാലാന്റ് ജനത കപട സദാചാരികളല്ല ..
ഒരുപാട് ആൺ പെൺ ചങ്ങാതികൂട്ടങ്ങൾ വാലിയിലേക്ക് ഹൈക്കിങിനായി എത്തിയിരുന്നു ..
പൂക്കളെ പോലെ സുന്ദരികളായ പെൺകുട്ടികൾ .. യുവത്വതിന്റെ ആഘോഷമാണവിടം.. !!

No comments:

Post a Comment